കൊച്ചി: അംഗീകൃത മെഡിക്കല്‍ ഡിഗ്രി ഇല്ലാത്ത ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും പേരിനു മുന്നില്‍ ഡോക്ടര്‍ എന്നു ചേര്‍ക്കുന്നതും സ്വതന്ത്ര പ്രാക്ടീസ് നടത്തുന്നതും വിലക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
രോഗപ്രതിരോധം, രോഗശമനം, പുനരധിവാസം, ആരോഗ്യപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ സേവനം നല്കാന് ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകള്‍ക്ക് അര്‍ഹതയുണ്ടെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമടക്കം സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്.
എതിര്‍കക്ഷികള്‍ക്ക് അനുകൂലമാകുന്ന നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തിന്റെ ഷെഡ്യൂളിലെയും കരിക്കുലത്തിലെയും ചില വ്യവസ്ഥകള്‍ വ്യാഖ്യാനത്തിലൂടെ പരിമിതപ്പെടുത്തണമെന്നാണ് എംബിബിഎസും സമാന ബിരുദവുമുള്ള ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിലെ വ്യവസ്ഥകള്‍ ഇത്തരത്തില്‍ പരിമിതപ്പെടുത്താന്‍ കോടതികള്‍ സാധാരണ ഗതിയില്‍ തയാറാകാറില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
ഫിസിയോതെറാപ്പിസ്റ്റുകളെയും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളെയും മെഡിക്കല്‍ പ്രഫഷണലുകളെ സഹായിക്കുന്ന ഒരു വിഭാഗമായി മാത്രം ചുരുക്കാന്‍ തക്കതായ കാരണങ്ങളൊന്നുമില്ലെന്നും കോടതി പറഞ്ഞു.